അതിര്‍ത്തിയിലെ രാപ്പകലുകള്‍
along LOCഇന്ത്യ-പാക് യുദ്ധ ഭൂമിയിലൂടെ, സുരൂനദീ തീരത്തിലൂടെ, അതിര്‍ത്തിയിലെ ജീവിതങ്ങളറിഞ്ഞ് 'യാത്ര'ക്കുവേണ്ടി മോഹന്‍ലാല്‍ നടത്തിയ സഞ്ചാരംകുരുക്ഷേത്ര' എന്ന സിനിമയ്ക്ക് ഡേറ്റ് കൊടുക്കുമ്പോള്‍ ഞാന്‍ സംവിധായകനായ മേജര്‍ രവിയോട് ചോദിച്ചു, 'മേജര്‍സാബ് നമ്മള്‍ ഇത് എവിടെയാണ് ഷൂട്ട് ചെയ്യുന്നത് ?'കാര്‍ഗിലില്‍, ഇന്ത്യയുടെ കുരുക്ഷേത്രയുദ്ധം നടന്ന അതേ മണ്ണില്‍, മലവഴികളില്‍.' മേജര്‍ പറഞ്ഞു.എപ്പോഴും പുതിയ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും സഞ്ചരിച്ചു കൊണ്ടിരിക്കാന്‍ കൊതിക്കുന്ന എന്റെ മനസ്സ് അത് കേട്ട മാത്രയില്‍ സജീവമായി. പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ ദീര്‍ഘവും ദുര്‍ഘടവുമായ ആ സ്ഥലത്തെയും അതിന്റെ വഴികളെയും സങ്കല്‍പ്പിച്ചു. വെറുതേ ഒരു രസം. കണ്ണടച്ചാല്‍ മഞ്ഞിന്‍ ശിഖരങ്ങള്‍, അരുവികളുടെ ശബ്ദം, പൂക്കളുടെ താഴ്‌വരകള്‍, പോപ്ലാറും പൈനും അതിരിടുന്ന ചെറുവനങ്ങള്‍. ഹിമാലയ നിശബ്ദത.ആ സങ്കല്‍പ്പലോകത്തേക്കാണ് ഞാന്‍ ശ്രീനഗറില്‍ നിന്നു യാത്ര തുടങ്ങിയത്.അമര്‍നാഥ് ക്ഷേത്രത്തിന് ഭൂമി കൊടുത്തതിനെച്ചൊല്ലി സംഘര്‍ഷഭരിതമായ ശ്രീനഗര്‍ നഗരത്തില്‍ നിന്ന് പുറത്ത് കടന്ന് പര്‍വ്വതത്തിന്റെ വഴികളിലേക്ക് കയറിയപ്പോള്‍ ആശ്വാസം. തിളങ്ങുന്ന മഞ്ഞുമലകളും തെളിഞ്ഞ വെയിലില്‍ കുളിച്ചൊഴുകുന്ന അരുവികളുടെ കാഴ്ച്ചകളും കണ്ടു തുടങ്ങി. ഭൂമിയില്‍ സ്വര്‍ഗ്ഗമുണ്ടെങ്കെല്‍ അതിതാണ്, അതിതാണ് എന്ന വരികളെ സാധൂകരിക്കുന്നു കാശ്മീര്‍ ദേശം. പക്ഷെ മനുഷ്യര്‍ ഭ്രാന്തമായ പ്രവൃത്തികള്‍ കൊണ്ട് അതിനെ നിഷേധിക്കുകയും ചെയ്യുന്നു. കവിതയ്ക്കു മുകളിലൂടെ അര്‍ത്ഥശൂന്യമായ, ലജ്ജിപ്പിക്കുന്ന കൊലവിളികള്‍ മുഴങ്ങുന്നു.സോനാമാര്‍ഗ്ഗ് വരെയുള്ള ഹൃദയഹാരിയായ യാത്രകഴിഞ്ഞാല്‍ റോഡ് വളഞ്ഞ് പുളഞ്ഞ് മുകളിലേക്ക് കയറാന്‍ തുടങ്ങും. പ്രശസ്തമായ സോജിലാപാസിലേക്കുള്ള പര്‍വ്വതത്തിന്റെ പിരിയന്‍ ഗോവണികള്‍. 3450 മീറ്റര്‍ ഉയരത്തിലേക്ക് അരിച്ചരിച്ചുള്ള ആരോഹണം.'ക്യാപ്്ടന്‍ ബെന്‍ഡുകള്‍' (*aydalr Ghreo) എന്നാണ് ഈ വളവുകള്‍ അറിയപ്പെടുന്നത്. ഈ വഴികളില്‍ മരിച്ചു വീണ, ബോര്‍ഡര്‍ ഓര്‍ഗനൈസേഷനിലെ ഒരു ക്യാപ്ടന്റെ സ്മരണയ്ക്കാണ് ഈ നാമകരണം. ഫിര്‍ മരങ്ങളുടെയും ബിര്‍ച്ച് മരങ്ങളുടെയും നിരയാണ് സോജിലാപാസിനെ അലങ്കരിക്കുന്നത്. എവിടെയൊക്കെയോവെച്ച് സിന്ധുനദിയെ കണ്ടു. അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള വഴിപിരിഞ്ഞ് പോകുന്നതും കണ്ടു. ആറ് മാസം മാത്രമാണ് ഈ വഴിയിലൂടെ ഗതാഗതം. ശേഷിച്ച അര്‍ദ്ധവര്‍ഷം മഞ്ഞ് നിറഞ്ഞ് ഇത് അടഞ്ഞ് കിടക്കും. തപാലുരുപ്പടികള്‍ കൊണ്ടുപോകുന്നവരും ചില പോര്‍ട്ടര്‍മാരും മാത്രം ജീവന്‍ പണയം വെച്ച് ഈ വഴികളിലൂടെ കടന്നുപോകും.സോജിലാപാസ് തീരുന്നതോടെ പര്‍വ്വതങ്ങളില്‍ നിന്ന് പച്ചപ്പും മഞ്ഞും മാഞ്ഞ് പോകുകയും പകരം വരണ്ട പാര്‍ശ്വങ്ങള്‍ തെളിയുകയും ചെയ്യുന്നു. നല്ല ചൂട്. ദ്രാസ് നദിയുടെ കാഴ്ച്ച. സൈബീരിയ കഴിഞ്ഞാല്‍ ലോകത്തില്‍ മനുഷ്യര്‍ പാര്‍ക്കുന്ന അതിശൈത്യ പ്രദേശമാണ് ദ്രാസ്. കാര്‍ഗില്‍ യുദ്ധത്തിലെ ഒരു പ്രധാന മര്‍മ്മ കേന്ദ്രം. അതിലൂടെ കടന്ന് പോകുമ്പോള്‍ രാജ്യത്തിനുവേണ്ടി ഈ മണ്ണില്‍ മരിച്ചു വീണ അതിധീരരായ ജവാന്‍മാര്‍ക്ക് ഞാന്‍ മനസ്സു കൊണ്ട് പുഷ്പാര്‍ച്ചന ചെയ്തു.ഒരു പകല്‍ ഒടുങ്ങുമ്പോഴാണ് കാര്‍ഗിലില്‍ എത്തിയത്. വാച്ചില്‍ സമയം ഏഴര കഴിഞ്ഞിരിക്കുന്നു. പക്ഷെ ഇരുട്ട് വീണിട്ടില്ല. മങ്ങി തുടങ്ങിയ വെളിച്ചത്തില്‍ കാര്‍ഗിലിനെ ഞാന്‍ കണ്‍നിറയെ കണ്ടു. ഇരമ്പി ഒഴുകുന്ന സുരു നദിക്കപ്പുറവും ഇപ്പുറവുമായി ഒരു ചെറിയ ആവാസകേന്ദ്രം. ഞാന്‍ താമസിക്കുന്ന ഹോട്ടലിന്റെ മുകള്‍ നിലയില്‍ നിന്നാല്‍ രാത്രി അരണ്ടവെളിച്ചത്തില്‍ കുടുതല്‍ ശക്തിയോടെ കുതിച്ചൊഴുകുന്ന നദി ഒരു മിന്നായം പോലെ കാണം. ജനങ്ങള്‍ ഉറക്കത്തിലേക്ക് വീണ് താഴ്‌വര നിശബ്ദതയില്‍ മുങ്ങുമ്പോള്‍ വിദൂരമായ താരാട്ടുപോലെ നദിയുടെ ഒഴുക്കിന്റെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കാം. അന്നു രാത്രി അതുകേട്ട് ഞാനുറങ്ങി.നടന്നു കാണുമ്പോഴാണ് ഒരു നാടിന്റെ ജീവിതത്തുടിപ്പുകളും താളവും സംസ്‌കാരവും ഏറ്റവും നന്നായി മനസ്സിലാവുക . എനിക്ക് പലപ്പോഴും അതിന് സാധിക്കാറില്ല. കാര്‍ഗിലില്‍ ഞാന്‍ ഒരു അജ്ഞാതനായതിനാല്‍ എത്ര നേരം വേണമെങ്കിലും കറങ്ങി നടക്കാനുള്ള അവസരം കിട്ടി. ഞാന്‍ അത് നന്നായി ഉപയോഗിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെ ഞാന്‍ നടക്കാനിറങ്ങും. മിതമായ വേഗത്തില്‍ നടന്നാല്‍ ഒന്നര മണിക്കൂര്‍ കൊണ്ട് കണ്ടു തീര്‍ക്കാവുന്നതേയുള്ളു കാര്‍ഗില്‍. കടകളുടെയും പട്ടാള ബാരക്കുകളുടെയും ഇടയിലൂടെ, പുഴയോരത്തുകൂടെ, ഗോതമ്പു വയലുകള്‍ക്കു നടുവിലൂടെ പോകുന്ന വൃത്തിയുള്ള വഴികള്‍. കൂട്ടത്തോടെ സഞ്ചരിക്കുന്ന സുന്ദരികളായ സ്ത്രീകള്‍. അവരുടെ ഉറുദു കലര്‍ന്ന കാശ്മീരി മൊഴി. ഇസ്ലാം മതവിശ്വാസികളാണ് കാര്‍ഗിലില്‍ ഭൂരിഭാഗവും. കൃത്യമായി പറഞ്ഞാല്‍ ഒരു ഹിന്ദു കുടുംബവും രണ്ടു സിഖ് കുടുംബങ്ങളുമാണ് ഈ കൊച്ചു പട്ടണത്തില്‍ ആകെയുള്ളത്. ബാക്കി മുഴുവന്‍, അഞ്ചുനേരം നിസ്‌ക്കരിക്കുന്നവര്‍. അഫ്ഗാന്‍ ശൈലിയിലുള്ള നീളന്‍ കുപ്പായവും ചെമ്പന്‍ താടിയും പരുപരുത്ത മുഖവുമുള്ള മനുഷ്യര്‍. മദ്യം നിഷിദ്ധമാണ് ഈ താഴ്‌വരയ്ക്ക്. പച്ചക്കറിയും ഗോതമ്പും ബാര്‍ലിയും പ്രധാന കൃഷിയാവുമ്പോഴും മാംസഭക്ഷണം ഇവര്‍ക്ക് പ്രിയം.ദിവസങ്ങള്‍ കഴിയുന്നതിനനുസരിച്ച് പ്രഭാതസവാരിക്കിടെ കണ്ടുമുട്ടുന്ന മുഖങ്ങള്‍ എനിക്കു പരിചിതമായി. ഞങ്ങള്‍ പുഞ്ചിരികള്‍ കൈമാറി. ചിലപ്പോള്‍ ഒന്നിച്ചു നടന്നു. അവരുടെ സംസാരത്തില്‍ നിന്നും കാര്‍ഗിലിനെ കുറിച്ചും അതിന്റെ ജീവിതത്തെക്കുറിച്ചും അവര്‍ അനുഭവിച്ച യുദ്ധത്തെക്കുറിച്ചും ഞാന്‍ അറിഞ്ഞു.നിത്യവും കണ്ടു പരിചയിച്ച മുഹമ്മദ് ബാഖിര്‍ ആണ് സുരു നദിയെക്കുറിച്ചും അതിന്റെ ഇരു കരകളെയും ബന്ധിപ്പിക്കുന്ന 'ഇഖ്ബാല്‍ പാല'ത്തെക്കുറിച്ച് എന്നോടു പറഞ്ഞത്.കാര്‍ഗിലില്‍ തടങ്ങളിലെ പച്ചപ്പിനെ നനച്ച് പാകിസ്താനിലേക്ക് പോകുന്ന നദിയാണ് സുരു. ഇഖ്ബാല്‍ സിങ് എന്ന പട്ടാളക്കാരനായിരുന്നു ഈ നദിക്കു കുറുകെ പാലം പണിയാനുള്ള ചുമതല. അയാള്‍ അത് വൃത്തിയായി ചെയ്തു. ഒടുവില്‍ 1954ല്‍ പണി പൂര്‍ത്തിയാവുന്ന ദിവസം ആ ജവാന്‍ പാലത്തില്‍ നിന്ന് നദിയിലേക്ക് വീണു! ശക്തമായ ഒഴുക്കില്‍ കറങ്ങിത്തിരിഞ്ഞ് അപ്രത്യക്ഷമായി. തിരച്ചിലിനൊടുവില്‍ പാക്കിസ്താനില്‍ വച്ചാണ് വിറങ്ങലിച്ച ശവശരീരം ലഭിച്ചത്. ഇഖ്ബാല്‍ സിങിന്റെ ഹൃദയഭേദകമായ ദുരന്തത്തിന്റെ സ്മരണയില്‍ ആ പാലത്തിന് 'ഇഖ്ബാല്‍ ബ്രിഡ്ജ് 'എന്ന് പേരിട്ടു. ആ പാലത്തിന് മുകളില്‍ നില്‍ക്കുമ്പോള്‍ താഴെ നദിയുടെ അലര്‍ച്ച കാതില്‍ വന്നുനിറയും. അത് കലി തുള്ളുകയാണോ, കരയുകയാണോ?കാര്‍ഗിലിനെ നമ്മുടെ ഓര്‍മ്മയുടെ ഭൂപടത്തില്‍ തിളക്കത്തോടെ നിര്‍ത്തുന്നതിന് കാരണം യുദ്ധമാണ്. ക്യാപ്റ്റന്‍ വിക്രം അടക്കമുള്ള ധീരജവാന്‍മാരുടെ ശവമഞ്ചങ്ങള്‍ കണ്ണീരോടെ ഏറ്റുവാങ്ങിയ ദിനങ്ങള്‍ ഇന്നും നാം മറന്നിട്ടില്ല. ആ യുദ്ധത്തിന്റെ ബാക്കിപത്രങ്ങള്‍ പലയിടത്തും കാണാം. അടച്ചിട്ട കടകളുടെ തുരുമ്പിച്ച ഷട്ടറുകളില്‍ നിറയെ തുള വീണിരിക്കുന്നു. ഷെല്ലുകള്‍ ചിതറിയപ്പോള്‍ പറ്റിയ പരിക്കാണ്. തകര്‍ന്ന പട്ടാളബാരക്കുകളും കെട്ടിടങ്ങളും. ഉപേക്ഷിക്കപ്പെട്ട ബങ്കറുകള്‍. കാര്‍ഗില്‍ പട്ടണത്തിന്റെ തൊട്ടുമുകളിലുള്ള ടൈഗര്‍ ഹില്ലിനപ്പുറത്തുനിന്ന് നിരന്തരം ചീറി വന്ന ഷെല്ലുകളില്‍ ഈ മണ്ണിലെ രാത്രികളും പകലുകളും വിറച്ചു. യുദ്ധത്തിന് ശേഷം പെട്ടെന്ന് കാര്‍ഗില്‍ ഒരു കൊച്ചുപട്ടണമായി. കൂടുതല്‍ പട്ടാളബേസുകള്‍ വന്നു. അതിര്‍ത്തിയോട് ഉരുമ്മിക്കിടക്കുന്ന ഈ മണ്ണ് ഇമ ചിമ്മാതെ കാത്തുവയ്‌ക്കേണ്ട ഒന്നാണെന്ന് നാം തിരിച്ചറിഞ്ഞു. ആ മാറ്റങ്ങള്‍ കാര്‍ഗിലില്‍ ഇപ്പോഴും തുടരുന്നു. ലോകമെങ്ങും ഭീകരവാദത്തിന്റെ പേരില്‍ ഇസ്ലാം പ്രതിക്കൂട്ടില്‍ നില്‍ക്കുകയും അതിന്റെ ശരിതെറ്റുകളെക്കുറിച്ച് വാദപ്രതിവാദങ്ങള്‍ നടക്കുകയും ചെയ്യുമ്പോള്‍ കാര്‍ഗില്‍ അതിന്റെ സമീപനങ്ങള്‍കൊണ്ട് അദ്ഭുതമായി മാറുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. ഇവിടെയുള്ള മുസ്ലിങ്ങള്‍ സമാധാനപ്രിയരും ഇന്ത്യ എന്ന വികാരം സിരകളില്‍ ആവേശേത്താടെ കൊണ്ടുനടക്കുന്നവരുമാണ്. 'കുരുക്ഷേത്ര' സിനിമയിലേക്ക് പാകിസ്താന്‍ പട്ടാളക്കാ രായി അഭിനയിക്കാന്‍ കുറച്ചു യുവാക്കളെ ആവശ്യം വന്നു. കാര്‍ഗിലില്‍ അന്വേഷിച്ചപ്പോള്‍ ഒരാള്‍ പോലും തയ്യാറായില്ല. കാരണം വ്യക്തമായിരുന്നു: പാകിസ്ഥാന്‍ പട്ടാളക്കാരാകാന്‍ ഞങ്ങളില്ല. അത് സിനിമയിലാണെങ്കില്‍ പോലും ഞങ്ങള്‍ക്ക് താത്പര്യമില്ല. ഉറക്കത്തിലും ഉണര്‍വിലും ജീവിതത്തിലും സിനിമയിലും മരണത്തില്‍ പോലും ഞങ്ങള്‍ ഇന്ത്യക്കാരാണ്! ഇന്ത്യന്‍ ജവാന്‍മാരുടെ സമര്‍പ്പിതവും ദുഷ്‌കരവുമായ ജീവിതം കാര്‍ഗില്‍ വാസക്കാലത്ത് എനിക്ക് നേരിട്ടുകാണാന്‍ സാധിച്ചു. അതിരിനോട് ചേര്‍ന്നുനില്‍ക്കുന്ന ചില ഇന്ത്യന്‍പോസ്റ്റുകള്‍ സന്ദര്‍ശിച്ചു. 'കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുക' എന്ന ശൈലിയുടെ അര്‍ത്ഥം ഇത്തരം പോസ്റ്റുകളില്‍ ചെന്നുനില്‍ക്കുമ്പോഴാണ് മനസിലാകുക. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കാര്‍ഗിലിലെ ജനങ്ങളും ജവാന്‍മാരും എന്നെ സ്ഥലംമാറ്റം കിട്ടി വന്ന പുതിയ മേജറായി ധരിച്ചുതുടങ്ങി. രാവിലെ മേജര്‍ മഹാദേവന്‍ എന്നെഴുതിയ പട്ടാളയൂണിഫോമില്‍ ഞാന്‍ ലൊക്കേഷനിലേക്ക് പോകുന്നത് അവര്‍ നിത്യവും കാണുന്നതാണ്. വഴിയോരങ്ങളില്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്ന പട്ടാളക്കാര്‍ സല്യൂട്ട് ചെയ്യും. ജനങ്ങള്‍ ആദരവോടെ ചിരിക്കും. രാവിലെ നടക്കാന്‍ പോകുമ്പോള്‍ ചിലര്‍ വന്ന് ചില രഹസ്യങ്ങളും പൊതുപ്രശ്‌നങ്ങളും പറയും. ഞാന്‍ അതെല്ലാം കേള്‍ക്കും. അങ്ങിനെ ഇന്ത്യയുടെ യുദ്ധഭൂമിയില്‍ ഒരു യഥാര്‍ത്ഥ മേജറിന്റെ പരിവേഷത്തില്‍ കുറേ ദിവസം കഴിയാന്‍ എനിക്കു സാധിച്ചു. അതില്‍ രാജ്യസ്‌നേഹിയായ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു.തിരിച്ചുപോരുന്നതിന് തലേന്നും ഞാന്‍ സുരു നദിക്കരയിലൂടെ കുറെ നടന്നു. ഒരു മാസം കൊണ്ട് എനിക്ക് ഏറെ പരിചിതമായ വഴികള്‍. അതിന്റെ തീരത്തെ കൊച്ചു ഗോതമ്പ് വയലുകളിലും, ഒഴുക്കിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരക്കൂട്ടങ്ങള്‍ക്കു താഴെയും ചെന്നിരുന്നു. വീടുകളില്‍ നിന്ന് പരിചിതമുഖങ്ങളും കുഞ്ഞുങ്ങളും ചിരിച്ചു. ഞാന്‍ മനസ് കൊണ്ട് അവരോട് വിട പറഞ്ഞു.രാത്രി. ഹോട്ടലിന്റെ മുകള്‍നിലയില്‍ നില്‍ക്കുമ്പോള്‍ ആരവങ്ങള്‍ ഒഴിഞ്ഞ കാര്‍ഗിലിനുമുകളില്‍ നദിയുടെ ഇരമ്പം. അതിന്റെ അകൃത്രിമ സംഗീതം. ചുരുങ്ങിയ കിലോമീറ്ററുകള്‍ കൂടി ഒഴുകിയാല്‍ ഈ പുഴ പാകിസ്താനിലേക്ക് കടക്കും. അതിനെ ആരും തടയില്ല. അതിന് നുഴഞ്ഞുകയറ്റങ്ങളില്ല. പുഴയോട് ആരും പാസ്‌പോര്‍ട്ടും പൗരത്വവും ചോദിക്കില്ല. സ്ഥലഭേദങ്ങളോ, വര്‍ണ്ണവര്‍ഗ്ഗ ഭേദങ്ങളോ അറിയാതെ അതൊഴുകിക്കൊണ്ടേയിരിക്കും. അതിന്റെ ഓരത്തുനിന്ന് നമ്മള്‍ യുദ്ധം ചെയ്യുന്നു.പ്രകൃതിയില്‍ നിന്നും നാം പഠിക്കുന്നതെന്താണ്?,
Feb10,2009
Feb
10,
2009
ലാലേട്ടന്‍ എഴുതുന്നു
| author: Shaju SasidharanPosts Relacionados:
Subscribe to:
Post Comments (Atom)
0 comments:
Post a Comment